Thursday, October 4, 2007

വിജയന്‍ മാഷ് സംസാരിക്കുന്നു




ആ മനുഷ്യന്‍ സംസാരിക്കുകയായിരുന്നു.

മരണത്തില്‍ പോലും ആ മനുഷ്യന്‍ സംസാരിക്കുകയായിരുന്നു.



ഒരു ചിന്തകന്‍ എന്ന നിലയില്‍ അദ്ദേഹം നമ്മോട് സംസാരിച്ച
ചില കാര്യങ്ങള്‍ ഇവിടെ പങ്ക് വെയ്ക്കുന്നു.

( http://kallan.thief.googlepages.com/MN-vijayan.pdf എന്ന ലിങ്കില്‍ നിന്ന് ഡൌന്‍ലോഡ് ചെയ്യാം. )


ശരീരം യാത്രയായെങ്കിലും, അദ്ദേഹം നമ്മോട് സംസാരിച്ച
ഗഹനമായ വാക്കുകള്‍ എന്നും ഇവിടെ ഉണ്ടാകുമെന്ന് കരുതാം.



അന്തരിച്ച ശ്രീ. എം.എന്‍ വിജയന് ആദരാജ്ഞലികള്‍.

Monday, September 10, 2007

വീണ്ടും ഒരു സെ‌പ്തംബര്‍ 11... 9/11

അമേരിക്കയുടെ കൊമേഴ്സ്യല്‍ പാസഞ്ചര്‍ ആയ ജെറ്റ് എയര്‍ലെന്‍സിന്റെ നാല് വിമാനങ്ങള്‍ പത്തൊമ്പത് അല്‍ക്വയ്‌ദ തീവ്രവാദികള് ചേര്‍ന്ന് തട്ടിയെടുത്ത് വേള്‍ഡ് ട്രേഡ് സെന്റര്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ത്ത് അമേരിക്കയില്‍ ഭീകരാന്തരീ‍ക്ഷം സൃഷ്ടിച്ചതിന്റെ ആറാം വാര്‍ഷികം. കൊടുത്താല്‍ കൊല്ലത്ത് മാത്രം അല്ല ന്യൂയോര്‍ക്കിലും, ഐര്‍ലിംഗ്‌ടണിലും, ഷാങ്ക്സ്‌വില്ലെയിലും വരെ കിട്ടും എന്ന് അമേരിക്ക തിരിച്ചറിഞ്ഞ ദിനം.

മിഡില്‍ ഈസ്റ്റില്‍ ഇറാഖിലും, ഗോള്‍ഡന്‍ ട്രയാങ്കിളില്‍ അഫ്ഗാനിസ്ഥാനിലും നരഹത്യകള്‍ക്ക് തുടക്കം കുറിച്ചത് ഈ സംഭവമാണ്. ഒരുപാട് നിരപരാധികളുടെ ജീവന്‍ അവര്‍ പോലും അറിയാത്ത കാരണങ്ങളാല്‍ നഷ്ടപ്പെടെണ്ടി വന്ന ദിനം.

സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തില്‍ അവിടെയുള്ള രാഷ്ട്രീയക്കാരുടെ പ്രതികരണങ്ങളും, നെറികെട്ട രാഷ്ട്രീയത്തിന്റെ പിന്നാമ്പുറ കഥകളും പുറത്ത് കൊണ്ട് വന്ന ഒരു നല്ല ഹ്രസ്വചിത്രം ആയിരുന്നു മൈക്കേല്‍ മൂറിന്റെ “ഫാരണ്‍ഫീറ്റ് 9/11”. കാന്‍ അവാര്‍ഡ് ഉള്‍പ്പെടെ പ്രശസ്തമായ ഒരു പാട് അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം നിങ്ങളെല്ലാം കണ്ടതാണെങ്കില്‍ കൂടി ഈ ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഇത് ഇവിടെ സമര്‍പ്പിക്കുന്നു.


http://video.google.com)
(ഫോട്ടോ, വീഡിയോ എന്നിവയ്ക്ക് അതതു സൈറ്റുകള്‍ക്ക് കോപ്പിറൈറ്റ് ബാധകം.
വീഡിയോ കാണുന്നില്ലെങ്കില്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക)


സെപ്തംബര്‍ 11ന് അമേരിക്കയിലും, അതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലും നഷ്ടമായ ജീവനുകള്‍ക്ക് ഈ വേളയില്‍ പ്രണാമം അര്‍പ്പിക്കുന്നു... ഒരുപിടി കണ്ണീര്‍പ്പൂക്കള്‍.

http://www.arlingtoncemetery.net)
(ഫോട്ടോ, വീഡിയോ എന്നിവയ്ക്ക് അതതു സൈറ്റുകള്‍ക്ക് കോപ്പിറൈറ്റ് ബാധകം)

Wednesday, July 4, 2007

നോം ചോസ്‌ക്കി-സ്വര്‍ണ്ണനാണയമോ അതോ കള്ളനാണയമോ?




അമേരിക്ക ഹിരോഷിമയില്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ നോം ചോസ്ക്കിക്ക് 16 വയസ്സായിരുന്നു. ഒരു സമ്മര്‍ വെക്കേഷന്‍ ക്യാമ്പില്‍ തന്റെ കൌമാര ദിനങ്ങള്‍ ചിലവഴിക്കാനെത്തിയ ചോംസ്ക്കി വിവരമറിഞ്ഞതും തൊട്ടടുത്തുള്ള ഒരു കുറ്റിക്കാട്ടിലേയ്ക്ക് ഓടിക്കയറി മറഞ്ഞു. ആരോടും ഒന്നും ഉരിയാടാതെ ഒരു താപസന്റെ പക്വതയൊടെ മണിക്കൂറുകളോളം അവിടെയിരുന്ന് ചിന്തിച്ചു. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കിരാത വാഴ്ചകള്‍ക്കെതിരായ പോരാളിയുടെ പിറവി ഒരു പക്ഷേ അവിടെ നിന്നാകാം ആരംഭിച്ചത്. അന്ന് മുതല്‍ ലോകത്തിന് ചോംസ്കി പല നിര്‍ദ്ദേശങ്ങളും, മുന്നറിയിപ്പുകളും നല്‍കിപ്പോന്നു. നശീകരണായുധങ്ങളും, സാങ്കേതിക വിദ്യയും ആഗോള ഭീകരരുടെ കയ്യിലെത്തിയാലുണ്ടാകുന്ന വിപത്തിനെ കുറിച്ച് സെപ്തംബര്‍-11 അമേരിക്കന്‍ ആക്രമണത്തിന് മുന്‍പും ചോംസ്കി പ്രവചിച്ചിരുന്നു. ലോകത്തിലെ മൊത്തം ആയുധക്കച്ചവടത്തിന്റെ 60-70% വരെ നോര്‍ത്ത് അമേരിക്കയിലെ നാല്‍പ്പതോളം കമ്പനികളാണ് നിര്‍വ്വഹിക്കുന്നതെന്നത് തീര്‍ത്തും ഭീകരമായ ഒരറിവാണ്. വിശപ്പ്-ദാരിദ്രം, യുദ്ധം-പ്രണയം, വിദ്യഭ്യാസം-മൌലീകത എന്നീ ഇരട്ട സമസ്യാ സങ്കല്‍പ്പങ്ങളില്‍ വിപ്ലവകരമായ നിലപാടുകള്‍ ചോംസ്കി കൈക്കൊണ്ടിരിക്കുന്നത് കാണാം.


ഭാഷാ ശാസ്ത്രത്തില്‍ വ്യാകരണത്തെ ഒട്ടൊരു താന്‍ പോരിമയോടെ തന്നെ പ്രതിഷ്ഠിക്കുന്നത് ചോംസ്കിയാണ്. നെസര്‍ഗികമായ ചുറ്റുപാടുകളില്‍ നിന്ന് ഒരു മനുഷ്യ കുഞ്ഞ് വളരെ വേഗത്തിലും ആഴത്തിലും സ്വാഭാവികമായ ഭാഷ ഗ്രഹിക്കുമ്പോള്‍ ഭാഷാവ്യാകരണത്തെയാണ് ആ കുഞ്ഞ് സ്വാംശീകരിക്കുന്നതെന്ന് ചോംസ്കി സമര്‍ത്ഥിക്കുന്നു. അത്തരത്തില്‍ ഗ്രഹിച്ച ഭാഷകന് മാത്രമേ അര്‍ത്ഥപൂര്‍ണ്ണവും, വൈകാരികതയോട് നീതി പുലര്‍ത്താവുന്ന മട്ടിലുള്ള വാചകങ്ങളും, പ്രയോഗങ്ങളും സാധ്യമാകൂ എന്നതും ചോംസ്കീയന്‍ നിലപാടുകളിലൊന്നാണ്. ഭാഷാപരമായ അധിനിവേശത്തെ ഒരു പരിധിവരെ തടയിടാന്‍ ചോംസ്കീയന്‍ ഭാഷാസങ്കല്‍പ്പങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് സമ്മതിക്കെ തന്നെ വേറിട്ട് കാണാവുന്ന ചിലതുണ്ട്. ഇത്തരം വാദങ്ങളെ പാഠ്യരംഗത്ത് പിന്തുടരാമോ എന്നതാണ് ഒരു ചോദ്യം. പ്രഥമഭാഷ അഥവാ മാതൃഭാഷ എന്നതിനെ തീര്‍ത്തും കാല്‍പ്പനികമായി കാണുന്ന ചോംസ്കീയന്‍ വീക്ഷണങ്ങളില്‍ നിന്നും ക്ലാസ്‌മുറി സങ്കല്‍പ്പത്തിലേയ്ക്കുള്ള ദൂരവും മാറ്റവും വളരെ കൂടുതലാണ്. ഇവിടെ ഒരു ഇരട്ടത്താപ്പുകാരനായി ചോംസ്കി സ്വയം മാറുന്നില്ലെ?

“ഹാവ് യുവര്‍ കേക്ക് & ഈറ്റ് ടു ഇറ്റ്....” ചോംസ്കി ഒരു കള്ളനാണയമാണെന്നും, ഇതേ രീതിയിലുള്ള തട്ടിപ്പാണ് അദ്ദേഹത്തിന്റെ നിലപാടുകളില്‍ കാണാവുന്നതെന്നും മറുവാദങ്ങളുണ്ട്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ സുഖശീതളിമ അനുഭവിച്ച് കൊണ്ട് തന്നെ അങ്കിള്‍ സാമിനെ വിമര്‍ശിക്കുന്ന ശൈലിയാണ് ചോംസ്ക്കിയുടേത്. അതായത് സ്‌റ്റേസിന്റെ സൌകര്യത്തില്‍ ചോംസ്കി മൂന്നാംലോക രാഷ്ട്രങ്ങളിലെ വിപ്ലവം തുടിക്കുന്ന യുവതലമുറകളെ ഇളക്കിവിടുന്നു എന്നതാണ് പ്രധാന ആരോപണം. മൂന്നാം ലോകരാഷ്ട്രങ്ങളിലെ (പ്രത്യേകിച്ച് മുസ്ലിം രാഷ്ട്രങ്ങളിലെ) ബുദ്ധിജീവികള്‍ ഉയര്‍ത്തി വളര്‍ത്തിയ ഒരു കപടസങ്കല്‍പ്പം ആണൊ ചോംസ്കി? ഒരു മഹായുദ്ധങ്ങള്‍ക്ക് മുന്‍പും ശേഷവും സാമ്രാജ്യശക്തികളുടെ നിലപാടുകള്‍ ഗണിക്കുന്നതില്‍ ചോംസ്കിയ്ക്ക് പിഴവ് പറ്റിയിട്ടുണ്ടൊ? അമേരിക്കയുടെ ആയുധ കമ്പോളവും, ചോംസ്കിയുടെ പുസ്തക കമ്പോളവും മൂന്നാംലോക രാഷ്ട്രങ്ങള്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

ഇന്ന് അമേരിക്കന്‍ സ്വാതന്ത്ര്യദിനം. ആരോപണ-പ്രത്യാരോപണ-വിശകലനങ്ങള്‍ക്കിടയില്‍ ആ ചോദ്യം വീണ്ടും മുഴങ്ങുന്നു. യഥാര്‍ത്ഥത്തില്‍ നോം ചോംസ്കി ആരാണ്? സ്വര്‍ണ്ണനാണയമോ അതോ കള്ളനാണയമോ?

Friday, May 11, 2007

കെന്‍ സരൊവിവയുടെ കത്ത്

തന്റെ ജന്മസ്ഥലമായ ഒഗോണി എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന എണ്ണക്കമ്പനി മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരേ അക്രമരാഹിത്യത്തിന്റെ പാതയില്‍ സമരം നയിച്ചു എന്നതുകൊണ്ട് മാത്രം 1995 നവംബര്‍ 10ന് തൂക്കിലേറ്റപ്പെട്ട ആക്റ്റിവിസ്റ്റായിരുന്ന കെന്‍ സരോവിവ ജയിലില്‍ നിന്നയച്ച അവസാനത്തെ കത്ത്. വെറുമൊരു കത്തല്ല, മറിച്ച് സ്വന്തം രക്തത്തില്‍ ചാലിച്ചെഴുതിയ പ്രവചനാത്മകവും, സ്ഫോടനാത്മകവും ആയ ഒരു കുറിപ്പ്. എണ്ണക്കമ്പനികള്‍ക്കെതിരേ ഒഗോണിയിലും, ഇക്വഡോറിലും, ബര്‍മ്മയിലും, ഇറാക്കിലും ലൂസിയാനയിലും ഉയര്‍ന്ന തുടര്‍ പോര്‍കാഹളങ്ങളുടെ ആദ്യ സ്വരം. എണ്ണയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത നെറികേടിന്റെ രാഷ്ട്രീയം ലോകത്ത് നിലനില്‍ക്കുന്നിടത്തോളം കാലം സരോവിവയുടേ കത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല.
(കെന്‍ സരൊവിവയുടെ കത്തിന് ഒരു സ്വതന്ത്ര വിവര്‍ത്തനം)


എന്റെ തടവ് തുടങ്ങി ഒരു വര്‍ഷക്കാലമാകുന്നു. നീണ്ട ദിവസങ്ങളുടെ ചങ്ങലകള്‍, ആഴ്ചകളോളം പട്ടിണി, മാസങ്ങളോളം മാനസിക പീഢനം, മുന്‍‌കൂട്ടി തയ്യാറാക്കിയ വിധിപ്പകര്‍ക്കു മുന്നില്‍ പകച്ച് നില്‍ക്കുന്ന പാവകോടതികളും പട്ടാളട്രൈബ്യൂണലുകളും. ഒടുക്കം ഒരു വധശിക്ഷാ വിധി; അപ്പിലിനു പോലും ഒരു പഴുതും ഇല്ലാത്ത രീതിയില്‍. ലജ്ജാകരമായ ഈ കളിയുടെ നിയന്ത്രകരായി സ്വയം അവരോധിക്കപ്പെട്ട ഭീരുക്കള്‍ ഒറ്റപ്പെടുക തന്നെ ചെയ്യും. ഇത്തരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചവര്‍ തൂലികയേയും ആശയങ്ങളേയും ഭയപ്പെടുന്നവരും, മാനുഷിക-സാമൂഹ്യ നീതികളെ പുച്ഛിക്കുന്നവരുമാണ്. അവര്‍ക്ക് ചരിത്രത്തെ കുറിച്ച് ഒരു ചുക്കും അറിഞ്ഞ് കൂടാ. അവര്‍ തിരിച്ചറിഞ്നിട്ടില്ലാ‍ത്ത ഈ ലോകത്തിന്റെ ശക്തി എന്നവര്‍ അനിഭവിക്കുന്നുവോ അതേ ദിവസത്തില്‍ അവരുടെ ചിതയൊരുക്കം നടക്കുന്നതാണ്


ഷെല്‍ പരിസ്ഥിതിയ്ക്ക് വരുത്തുന്ന ഹാനികരമായ വ്യതിയാനങ്ങളേയും , അതിന് സഹായകമാകുന്ന രീതിയില്‍ കളമൊരുക്കുന്ന നൈജീരിയന്‍ പഠാള മേധാവികളുടെ മനുഷ്യത്വരഹിതമായ കടന്ന് കയറ്റത്തേയും കുറിച്ച് ഒഗോണിയന്‍ ജനതയെ ബോധവല്‍ക്കരിക്കുന്നതില്‍ ഞാന്‍ വിജയിച്ചു എന്ന് തന്നെയാണ് കരുതുന്നത്. കമ്പനിയുടേയും പട്ടാളത്തിന്റേയും ഈ നീക്കം എവിടെ ചെന്നവസാനിക്കും എന്നതില്‍ എനിക്ക് സന്ദേഹമില്ല. ആ തിരിച്ചറിവ് കഠിന യാതനകള്‍ക്കിടയിലും എനിക്ക് ഉണര്‍വ്വിനും, സന്തോഷത്തിനും വക നല്‍കുന്നു.

അതിനു തെളിവാണ് കാമുസു ബോണ്ടെ ജയിലില്‍ നിന്ന് ഇന്നലെ എനിക്ക് വന്ന ഒരു കവിത. അത് ജാക് മപാഞ്ചയുടെ ആയിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി ജാക് കുറ്റം ചാര്‍ത്തലുകള്‍ ഒന്നും തന്നെയില്ലാതെ ജയിലില്‍ കഴിയുകയാണ് എന്നത് തീര്‍ത്തും പരിതാപകരമാണ്. 1992ല്‍ പോസ്റ്റാഡില്‍ വെച്ചാണ് ഞാന്‍ ജാക്കിനെ കാണുന്നത്. നര്‍മ്മത്തിനെ ഒരു കവചം അണിയാന്‍ ആ കവിത എന്നെ പ്രേരിപ്പിച്ചു. ആ കുറിപ്പിന്റെ അവസാനം പുരസ്ക്കാര ജേതാവായ സിം‌ബാബ്‌വെ നോവലിസ്റ്റ് ചെങ്കാരെ ഹോവിന്റെ ഒപ്പും ഉണ്ടായിരുന്നു. എന്റെ ദുരവസ്ഥയ്ക്കെതിരേ ഒരുപാട് നല്ല മനുഷ്യര്‍ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നു എന്നത് എന്നില്‍ അത്ഭുതമുളവാക്കുന്നു


എല്ലാം നിയന്ത്രിക്കുന്നത് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കരാളഹസ്തങ്ങളാണ്. പട്ടാളമേലധികാരികള്‍ക്ക് പണവും, ആയുധവും നല്‍കി സ്വാധീനിച്ച് നിരായുധരായ പൌരന്മാര്‍ക്കെതിരേ അവര്‍ പടയൊരുക്കം നടത്തുന്നു. വൈരുദ്ധ്യാത്മകമായ നിലപാടാണ് ബ്രിട്ടിഷ് ഗവണ്മെന്റ് കൈക്കൊള്ളുന്നത്. അവര്‍ ആഫ്രിക്കയുടേയും, നൈജീരിയയുടേയും സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും കുറിച്ച് പ്രസം‌ഗിക്കുകയും , പട്ടാളമേലധികാരികള്‍ക്ക് ആയുദ്ധപ്പടയൊരുക്കങ്ങള്‍ക്ക് കോപ്പുകൂട്ടനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്യുന്നു.

പ്രകൃതിയ്ക്കും, മനുഷ്യനും നാശം ഉണ്ടാകും എന്ന് പൂര്‍ണ്ണബോധ്യത്തോടെ തന്നെയാണ് ബ്രിട്ടിഷ് ഗവണ്മെന്റിന് നികുതിയടക്കുന്ന ഷെല്‍ പോലെയുള്ള കമ്പനികളെ അവര്‍ പരിപോഷിപ്പിക്കുന്നത്. ഒഗോണിയിലേയും, നൈജര്‍ ഡെല്‍റ്റയിലേയും സര്‍വ്വനാശത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ബ്രിട്ടിഷ് ഭരണകൂടത്തിന്റെ ശിരസ്സില്‍ ചാര്‍ത്തുന്നു. ആത്യന്തികമായ തീരുമാനം വരേണ്ടത് ബ്രിട്ടിഷ് ജനങ്ങളില്‍ നിന്നുമാണ്. ആഫ്രിക്കന്‍ ജനതയുടേ പേടിസ്വപ്നങ്ങള്‍ ഒഴിവാക്കാനും, മാനവികതയ്ക്കെതിരായ കടന്ന് കയറ്റം അവസാനിപ്പിക്കാനും അവര്‍ കൂടി ശ്രമിക്കേണ്ടതാണ്.

ഞാന്‍ ജീവിക്കുമോ, മരിക്കുമോ എന്നതൊരു വിഷയമേ അല്ല. പക്ഷേ ലോകത്തെ കീഴ്പ്പെടുത്തുന്ന തിമകള്‍ക്കെതിരേ പ്രതികരിക്കാന്‍ സമയവും,ശ്രമവും ,ഊര്‍ജ്ജവും ചിലവഴിക്കാന്‍ ഒരുപാട് പേര്‍ രംഗത്തുണ്ട് എന്ന തിരിച്ചരിവ് ഉണ്ടായിട്ടുണ്ട്. ഇവര്‍ ഇന്ന് പരാജയപ്പെട്ടേയ്ക്കാം എന്നാല്‍ നാളെയുടെ വിജയങ്ങള്‍ അവരുടെതാണ്. ഒരോരുത്തരും അവരവരുടെ രീതിയില്‍ ചെറിയരീതിയിലെങ്കിലും ഉള്ള സംഭാവനകള്‍ നല്‍കി ഈ ലോകത്തെ ഒരു സുന്ദര സ്ഥാനമാക്കി മാറ്റുക. അതിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക.

എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍

-- കെന്‍ സരൊവിവ
മിലിട്ടറി ഹോസ്പിറ്റല്‍, പോര്‍ട്ട് ഹാര്‍ കോര്‍ട്ട്,
നൈജീരിയ.

Wednesday, May 9, 2007

വെറുമൊരു മോഷ്‌ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചോളൂ

വെറുമൊരു മോഷ്‌ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചോളൂ.

മാധ്യമങ്ങളില്‍ പലയിടത്തായി കണ്ട “ബ്ലോഗ്” എന്ന വാക്ക് തപ്പി പിടിച്ച് എത്തിയതാണിവിടെ.
ഈ പേര് നിര്‍ദ്ധേശിച്ചതും ഇതിനു ആവശ്യമായ ലിപികള്‍, സാങ്കേതിക വിവരങ്ങള്‍ എന്നിവ എന്നെ അഭ്യസിപ്പിക്കുകയും ചെയ്തത് ബ്ലോഗര്‍ കൂടിയായ ഒരു സുഹൃത്താണ്.
അങ്ങിനെ ഞാനും ഇവിടെ.


കള്ളന്‍