Wednesday, July 4, 2007

നോം ചോസ്‌ക്കി-സ്വര്‍ണ്ണനാണയമോ അതോ കള്ളനാണയമോ?




അമേരിക്ക ഹിരോഷിമയില്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ നോം ചോസ്ക്കിക്ക് 16 വയസ്സായിരുന്നു. ഒരു സമ്മര്‍ വെക്കേഷന്‍ ക്യാമ്പില്‍ തന്റെ കൌമാര ദിനങ്ങള്‍ ചിലവഴിക്കാനെത്തിയ ചോംസ്ക്കി വിവരമറിഞ്ഞതും തൊട്ടടുത്തുള്ള ഒരു കുറ്റിക്കാട്ടിലേയ്ക്ക് ഓടിക്കയറി മറഞ്ഞു. ആരോടും ഒന്നും ഉരിയാടാതെ ഒരു താപസന്റെ പക്വതയൊടെ മണിക്കൂറുകളോളം അവിടെയിരുന്ന് ചിന്തിച്ചു. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കിരാത വാഴ്ചകള്‍ക്കെതിരായ പോരാളിയുടെ പിറവി ഒരു പക്ഷേ അവിടെ നിന്നാകാം ആരംഭിച്ചത്. അന്ന് മുതല്‍ ലോകത്തിന് ചോംസ്കി പല നിര്‍ദ്ദേശങ്ങളും, മുന്നറിയിപ്പുകളും നല്‍കിപ്പോന്നു. നശീകരണായുധങ്ങളും, സാങ്കേതിക വിദ്യയും ആഗോള ഭീകരരുടെ കയ്യിലെത്തിയാലുണ്ടാകുന്ന വിപത്തിനെ കുറിച്ച് സെപ്തംബര്‍-11 അമേരിക്കന്‍ ആക്രമണത്തിന് മുന്‍പും ചോംസ്കി പ്രവചിച്ചിരുന്നു. ലോകത്തിലെ മൊത്തം ആയുധക്കച്ചവടത്തിന്റെ 60-70% വരെ നോര്‍ത്ത് അമേരിക്കയിലെ നാല്‍പ്പതോളം കമ്പനികളാണ് നിര്‍വ്വഹിക്കുന്നതെന്നത് തീര്‍ത്തും ഭീകരമായ ഒരറിവാണ്. വിശപ്പ്-ദാരിദ്രം, യുദ്ധം-പ്രണയം, വിദ്യഭ്യാസം-മൌലീകത എന്നീ ഇരട്ട സമസ്യാ സങ്കല്‍പ്പങ്ങളില്‍ വിപ്ലവകരമായ നിലപാടുകള്‍ ചോംസ്കി കൈക്കൊണ്ടിരിക്കുന്നത് കാണാം.


ഭാഷാ ശാസ്ത്രത്തില്‍ വ്യാകരണത്തെ ഒട്ടൊരു താന്‍ പോരിമയോടെ തന്നെ പ്രതിഷ്ഠിക്കുന്നത് ചോംസ്കിയാണ്. നെസര്‍ഗികമായ ചുറ്റുപാടുകളില്‍ നിന്ന് ഒരു മനുഷ്യ കുഞ്ഞ് വളരെ വേഗത്തിലും ആഴത്തിലും സ്വാഭാവികമായ ഭാഷ ഗ്രഹിക്കുമ്പോള്‍ ഭാഷാവ്യാകരണത്തെയാണ് ആ കുഞ്ഞ് സ്വാംശീകരിക്കുന്നതെന്ന് ചോംസ്കി സമര്‍ത്ഥിക്കുന്നു. അത്തരത്തില്‍ ഗ്രഹിച്ച ഭാഷകന് മാത്രമേ അര്‍ത്ഥപൂര്‍ണ്ണവും, വൈകാരികതയോട് നീതി പുലര്‍ത്താവുന്ന മട്ടിലുള്ള വാചകങ്ങളും, പ്രയോഗങ്ങളും സാധ്യമാകൂ എന്നതും ചോംസ്കീയന്‍ നിലപാടുകളിലൊന്നാണ്. ഭാഷാപരമായ അധിനിവേശത്തെ ഒരു പരിധിവരെ തടയിടാന്‍ ചോംസ്കീയന്‍ ഭാഷാസങ്കല്‍പ്പങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് സമ്മതിക്കെ തന്നെ വേറിട്ട് കാണാവുന്ന ചിലതുണ്ട്. ഇത്തരം വാദങ്ങളെ പാഠ്യരംഗത്ത് പിന്തുടരാമോ എന്നതാണ് ഒരു ചോദ്യം. പ്രഥമഭാഷ അഥവാ മാതൃഭാഷ എന്നതിനെ തീര്‍ത്തും കാല്‍പ്പനികമായി കാണുന്ന ചോംസ്കീയന്‍ വീക്ഷണങ്ങളില്‍ നിന്നും ക്ലാസ്‌മുറി സങ്കല്‍പ്പത്തിലേയ്ക്കുള്ള ദൂരവും മാറ്റവും വളരെ കൂടുതലാണ്. ഇവിടെ ഒരു ഇരട്ടത്താപ്പുകാരനായി ചോംസ്കി സ്വയം മാറുന്നില്ലെ?

“ഹാവ് യുവര്‍ കേക്ക് & ഈറ്റ് ടു ഇറ്റ്....” ചോംസ്കി ഒരു കള്ളനാണയമാണെന്നും, ഇതേ രീതിയിലുള്ള തട്ടിപ്പാണ് അദ്ദേഹത്തിന്റെ നിലപാടുകളില്‍ കാണാവുന്നതെന്നും മറുവാദങ്ങളുണ്ട്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ സുഖശീതളിമ അനുഭവിച്ച് കൊണ്ട് തന്നെ അങ്കിള്‍ സാമിനെ വിമര്‍ശിക്കുന്ന ശൈലിയാണ് ചോംസ്ക്കിയുടേത്. അതായത് സ്‌റ്റേസിന്റെ സൌകര്യത്തില്‍ ചോംസ്കി മൂന്നാംലോക രാഷ്ട്രങ്ങളിലെ വിപ്ലവം തുടിക്കുന്ന യുവതലമുറകളെ ഇളക്കിവിടുന്നു എന്നതാണ് പ്രധാന ആരോപണം. മൂന്നാം ലോകരാഷ്ട്രങ്ങളിലെ (പ്രത്യേകിച്ച് മുസ്ലിം രാഷ്ട്രങ്ങളിലെ) ബുദ്ധിജീവികള്‍ ഉയര്‍ത്തി വളര്‍ത്തിയ ഒരു കപടസങ്കല്‍പ്പം ആണൊ ചോംസ്കി? ഒരു മഹായുദ്ധങ്ങള്‍ക്ക് മുന്‍പും ശേഷവും സാമ്രാജ്യശക്തികളുടെ നിലപാടുകള്‍ ഗണിക്കുന്നതില്‍ ചോംസ്കിയ്ക്ക് പിഴവ് പറ്റിയിട്ടുണ്ടൊ? അമേരിക്കയുടെ ആയുധ കമ്പോളവും, ചോംസ്കിയുടെ പുസ്തക കമ്പോളവും മൂന്നാംലോക രാഷ്ട്രങ്ങള്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

ഇന്ന് അമേരിക്കന്‍ സ്വാതന്ത്ര്യദിനം. ആരോപണ-പ്രത്യാരോപണ-വിശകലനങ്ങള്‍ക്കിടയില്‍ ആ ചോദ്യം വീണ്ടും മുഴങ്ങുന്നു. യഥാര്‍ത്ഥത്തില്‍ നോം ചോംസ്കി ആരാണ്? സ്വര്‍ണ്ണനാണയമോ അതോ കള്ളനാണയമോ?