തന്റെ ജന്മസ്ഥലമായ
ഒഗോണി എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന എണ്ണക്കമ്പനി മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരേ അക്രമരാഹിത്യത്തിന്റെ പാതയില്‍ സമരം നയിച്ചു എന്നതുകൊണ്ട് മാത്രം 1995 നവംബര്‍ 10ന് തൂക്കിലേറ്റപ്പെട്ട ആക്റ്റിവിസ്റ്റായിരുന്ന
കെന്‍ സരോവിവ ജയിലില്‍ നിന്നയച്ച അവസാനത്തെ കത്ത്. വെറുമൊരു കത്തല്ല, മറിച്ച് സ്വന്തം രക്തത്തില്‍ ചാലിച്ചെഴുതിയ പ്രവചനാത്മകവും, സ്ഫോടനാത്മകവും ആയ ഒരു കുറിപ്പ്. എണ്ണക്കമ്പനികള്‍ക്കെതിരേ ഒഗോണിയിലും, ഇക്വഡോറിലും, ബര്‍മ്മയിലും, ഇറാക്കിലും ലൂസിയാനയിലും ഉയര്‍ന്ന തുടര്‍ പോര്‍കാഹളങ്ങളുടെ ആദ്യ സ്വരം. എണ്ണയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത നെറികേടിന്റെ രാഷ്ട്രീയം ലോകത്ത് നിലനില്‍ക്കുന്നിടത്തോളം കാലം സരോവിവയുടേ കത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല.
(കെന്‍ സരൊവിവയുടെ കത്തിന് ഒരു സ്വതന്ത്ര വിവര്‍ത്തനം)
എന്റെ തടവ് തുടങ്ങി ഒരു വര്‍ഷക്കാലമാകുന്നു. നീണ്ട ദിവസങ്ങളുടെ ചങ്ങലകള്‍, ആഴ്ചകളോളം പട്ടിണി, മാസങ്ങളോളം മാനസിക പീഢനം, മുന്‍കൂട്ടി തയ്യാറാക്കിയ വിധിപ്പകര്‍ക്കു മുന്നില്‍ പകച്ച് നില്‍ക്കുന്ന പാവകോടതികളും പട്ടാളട്രൈബ്യൂണലുകളും. ഒടുക്കം ഒരു വധശിക്ഷാ വിധി; അപ്പിലിനു പോലും ഒരു പഴുതും ഇല്ലാത്ത രീതിയില്‍. ലജ്ജാകരമായ ഈ കളിയുടെ നിയന്ത്രകരായി സ്വയം അവരോധിക്കപ്പെട്ട ഭീരുക്കള്‍ ഒറ്റപ്പെടുക തന്നെ ചെയ്യും. ഇത്തരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചവര്‍ തൂലികയേയും ആശയങ്ങളേയും ഭയപ്പെടുന്നവരും, മാനുഷിക-സാമൂഹ്യ നീതികളെ പുച്ഛിക്കുന്നവരുമാണ്. അവര്‍ക്ക് ചരിത്രത്തെ കുറിച്ച് ഒരു ചുക്കും അറിഞ്ഞ് കൂടാ. അവര്‍ തിരിച്ചറിഞ്നിട്ടില്ലാത്ത ഈ ലോകത്തിന്റെ ശക്തി എന്നവര്‍ അനിഭവിക്കുന്നുവോ അതേ ദിവസത്തില്‍ അവരുടെ ചിതയൊരുക്കം നടക്കുന്നതാണ്
ഷെല്‍ പരിസ്ഥിതിയ്ക്ക് വരുത്തുന്ന ഹാനികരമായ വ്യതിയാനങ്ങളേയും , അതിന് സഹായകമാകുന്ന രീതിയില്‍ കളമൊരുക്കുന്ന നൈജീരിയന്‍ പഠാള മേധാവികളുടെ മനുഷ്യത്വരഹിതമായ കടന്ന് കയറ്റത്തേയും കുറിച്ച് ഒഗോണിയന്‍ ജനതയെ ബോധവല്‍ക്കരിക്കുന്നതില്‍ ഞാന്‍ വിജയിച്ചു എന്ന് തന്നെയാണ് കരുതുന്നത്. കമ്പനിയുടേയും പട്ടാളത്തിന്റേയും ഈ നീക്കം എവിടെ ചെന്നവസാനിക്കും എന്നതില്‍ എനിക്ക് സന്ദേഹമില്ല. ആ തിരിച്ചറിവ് കഠിന യാതനകള്‍ക്കിടയിലും എനിക്ക് ഉണര്‍വ്വിനും, സന്തോഷത്തിനും വക നല്‍കുന്നു.
അതിനു തെളിവാണ്
കാമുസു ബോണ്ടെ ജയിലില്‍ നിന്ന് ഇന്നലെ എനിക്ക് വന്ന ഒരു കവിത. അത്
ജാക് മപാഞ്ചയുടെ ആയിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി ജാക് കുറ്റം ചാര്‍ത്തലുകള്‍ ഒന്നും തന്നെയില്ലാതെ ജയിലില്‍ കഴിയുകയാണ് എന്നത് തീര്‍ത്തും പരിതാപകരമാണ്. 1992ല്‍ പോസ്റ്റാഡില്‍ വെച്ചാണ് ഞാന്‍ ജാക്കിനെ കാണുന്നത്. നര്‍മ്മത്തിനെ ഒരു കവചം അണിയാന്‍ ആ കവിത എന്നെ പ്രേരിപ്പിച്ചു. ആ കുറിപ്പിന്റെ അവസാനം പുരസ്ക്കാര ജേതാവായ സിംബാബ്‌വെ നോവലിസ്റ്റ്
ചെങ്കാരെ ഹോവിന്റെ ഒപ്പും ഉണ്ടായിരുന്നു. എന്റെ ദുരവസ്ഥയ്ക്കെതിരേ ഒരുപാട് നല്ല മനുഷ്യര്‍ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നു എന്നത് എന്നില്‍ അത്ഭുതമുളവാക്കുന്നു
എല്ലാം നിയന്ത്രിക്കുന്നത് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കരാളഹസ്തങ്ങളാണ്. പട്ടാളമേലധികാരികള്‍ക്ക് പണവും, ആയുധവും നല്‍കി സ്വാധീനിച്ച് നിരായുധരായ പൌരന്മാര്‍ക്കെതിരേ അവര്‍ പടയൊരുക്കം നടത്തുന്നു. വൈരുദ്ധ്യാത്മകമായ നിലപാടാണ് ബ്രിട്ടിഷ് ഗവണ്മെന്റ് കൈക്കൊള്ളുന്നത്. അവര്‍ ആഫ്രിക്കയുടേയും, നൈജീരിയയുടേയും സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും കുറിച്ച് പ്രസംഗിക്കുകയും , പട്ടാളമേലധികാരികള്‍ക്ക് ആയുദ്ധപ്പടയൊരുക്കങ്ങള്‍ക്ക് കോപ്പുകൂട്ടനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്യുന്നു.
പ്രകൃതിയ്ക്കും, മനുഷ്യനും നാശം ഉണ്ടാകും എന്ന് പൂര്‍ണ്ണബോധ്യത്തോടെ തന്നെയാണ് ബ്രിട്ടിഷ് ഗവണ്മെന്റിന് നികുതിയടക്കുന്ന ഷെല്‍ പോലെയുള്ള കമ്പനികളെ അവര്‍ പരിപോഷിപ്പിക്കുന്നത്. ഒഗോണിയിലേയും, നൈജര്‍ ഡെല്‍റ്റയിലേയും സര്‍വ്വനാശത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ബ്രിട്ടിഷ് ഭരണകൂടത്തിന്റെ ശിരസ്സില്‍ ചാര്‍ത്തുന്നു. ആത്യന്തികമായ തീരുമാനം വരേണ്ടത് ബ്രിട്ടിഷ് ജനങ്ങളില്‍ നിന്നുമാണ്. ആഫ്രിക്കന്‍ ജനതയുടേ പേടിസ്വപ്നങ്ങള്‍ ഒഴിവാക്കാനും, മാനവികതയ്ക്കെതിരായ കടന്ന് കയറ്റം അവസാനിപ്പിക്കാനും അവര്‍ കൂടി ശ്രമിക്കേണ്ടതാണ്.
ഞാന്‍ ജീവിക്കുമോ, മരിക്കുമോ എന്നതൊരു വിഷയമേ അല്ല. പക്ഷേ ലോകത്തെ കീഴ്പ്പെടുത്തുന്ന തിമകള്‍ക്കെതിരേ പ്രതികരിക്കാന്‍ സമയവും,ശ്രമവും ,ഊര്‍ജ്ജവും ചിലവഴിക്കാന്‍ ഒരുപാട് പേര്‍ രംഗത്തുണ്ട് എന്ന തിരിച്ചരിവ് ഉണ്ടായിട്ടുണ്ട്. ഇവര്‍ ഇന്ന് പരാജയപ്പെട്ടേയ്ക്കാം എന്നാല്‍ നാളെയുടെ വിജയങ്ങള്‍ അവരുടെതാണ്. ഒരോരുത്തരും അവരവരുടെ രീതിയില്‍ ചെറിയരീതിയിലെങ്കിലും ഉള്ള സംഭാവനകള്‍ നല്‍കി ഈ ലോകത്തെ ഒരു സുന്ദര സ്ഥാനമാക്കി മാറ്റുക. അതിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക.
എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍
-- കെന്‍ സരൊവിവ
മിലിട്ടറി ഹോസ്പിറ്റല്‍, പോര്‍ട്ട് ഹാര്‍ കോര്‍ട്ട്,
നൈജീരിയ.